കൊച്ചി: മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ചൊവ്വാഴ്ച പരിഗണിക്കും. തിങ്കളാഴ്ച വൈകുന്നേരം നാലിന് അപ്പീലുകൾ പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ കോടതി പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുടെ പരിഗണന നാളത്തേക്ക് മാറ്റുകയായിരുന്നു. സിംഗിൾ ബെഞ്ചിന് മുന്നിലെ കേസിൽ പിണറായി വിജയൻ കക്ഷിയായിരുന്നില്ല. ഇതേത്തുടർന്നാണ് അപ്പീൽ നൽകാൻ അനുമതി തേടി സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.
സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കേൾക്കേണ്ടതുണ്ടോയെന്ന് കോടതി നേരത്തേ ചോദിച്ചിരുന്നു. വിവരങ്ങളും തെളിവുകളും ലഭ്യമാണെങ്കിൽ കേസ് എടുക്കുന്നതിന് മുമ്പ് ആരോപണവിധേയനെ കേൾക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു.